Blog on Aasish Sudarsanan

ആകാശത്തിൽ ചുരുളികൾ
കുറെയേറെ വർഷങ്ങൾക്ക് ശേഷമാണ് ഒരു മലയാളം നോവൽ വായിക്കാനായി എടുക്കുന്നത്. എന്നാൽ അത് എൻ്റെ മനസ്സിൽ ഇത്രനാൾ തങ്ങുംവിധം ഒരു ചലനം ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല. മലയാളം എന്നും എനിക്കൊരു പാടുള്ള വിഷയമായിരുന്നു. അക്ഷരത്തെറ്റുകളും തപ്പിപ്പെറുക്കിയുള്ള വായനയും വിട്ടുമാറാൻ കുറെ പ്രയാസപ്പെട്ടിട്ടുണ്ട്. അമ്മയ്ക്കായി വാങ്ങിയ കുറച്ച് മലയാളം നോവലുകളിൽ, അമ്മ ആദ്യമേ തന്നെ അഗ്നിസാക്ഷി വായിച്ചു തുടങ്ങിയിരുന്നു. ബാക്കിയുള്ളതിൽ നിന്ന് ഞാൻ മലയാറ്റൂർ രാമകൃഷ്ണന്റെ യക്ഷി എടുത്തു. പേരും കവറും കണ്ടിട്ട് ഇതൊരു ഹൊറർ നോവൽ ആകുമെന്ന് അമ്മ ഊഹിച്ചിട്ടുണ്ടായിരിക്കുമെന്ന് ഞാൻ കരുതി. ഇതുവരെ മലയാളത്തിൽ ഒരു യക്ഷിക്കഥയും ഞാനും വായിച്ചിട്ടുണ്ടായിരുന്നില്ല. വാക്കുകളിലൂടെ മറ്റുള്ളവരിൽ എങ്ങനെ ഭയം ഉണ്ടാക്കാൻ കഴിയുമെന്ന ചോദ്യവുമായി ഞാൻ യക്ഷി വായിക്കാനായി ഇരുന്നു.

ഒക്ടോബർ മാസം ഓഫീസിൽനിന്നുള്ള വർക്ക് കുറച്ചുകൂടുതലായിരുന്നു. കുറെയേറെ മീറ്റിംഗുകളും ഡെലിവറബിൾസും ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ചെറിയൊരു നോവലായിരുന്നിട്ടും യക്ഷിയുമായി ഒരു മാസത്തോളം സമയം എനിക്ക് ചിലവഴിക്കേണ്ടി വന്നു. എങ്കിലും വായിച്ച ഓരോ ഭാഗവും ഇത് എഴുതുമ്പോൾ എന്റെ മനസ്സിൽ ആഴത്തിൽ പതിഞ്ഞുകിടക്കുന്നത് ഞാൻ ശ്രദ്ധിക്കുന്നു. ഐതിഹ്യങ്ങളും പഴങ്കഥകളും യക്ഷിക്കഥകളും ഒക്കെ എനിക്ക് ഒട്ടേറെ ഇഷ്ടമാണ്. അതിൽനിന്നൊക്കെ എന്തുകൊണ്ടും വ്യത്യസ്തമാണ് മലയാറ്റൂരിന്റെ യക്ഷി.

മനുഷ്യ മനസ്സിന്റെ തോന്നലിൽ നിന്നുകൊണ്ട് ഭയവും ഭീതിയും ഇത്രയേറെ കൺവിൻസിങ്ങായി എഴുതാൻ ആർക്കും കഴിയുമെന്ന് ഞാൻ ഊഹിച്ചിരുന്നില്ല. പല ചോദ്യങ്ങളിലൂടെയാണ് മലയാറ്റൂർ എന്നെ കൊണ്ടുപോയത്. വലിയൊരു അപകടം സംഭവിച്ച ഒരാളുടെ ജീവിതത്തിൽ യാദൃശ്ചികമായി ഒരു അതിസുന്ദരി കടന്നുവരുന്നു. അവളുടെ സ്നേഹവും സ്പർശനവും ശ്രീനിവാസനിൽ ഉണ്ടാകുന്ന സംശയവും ഭയവുമാണോ രാഗിണി എന്ന യക്ഷി, അതോ യക്ഷിക്കഥകളെയും താളിയോലകളെയും പറ്റി പഠിക്കുന്ന ശ്രീനിവാസന്റെ ഒരു ഹാലൂസിനേഷൻ മാത്രമാണോ രാഗിണി? ഒരു മാനസികാശുപത്രിയിലെ മുറിയിൽ ഇരുന്ന് കഥ എഴുതുന്ന ശ്രീനിവാസന്റെ മനസ്സിന്റെ താളം തെറ്റുന്നത് മനസ്സിലാക്കാൻ മലയാറ്റൂർ മനഃപൂർവം വൈകിപ്പിച്ചതാണോ, അതോ രാഗിണി ഒരു യക്ഷിയായിരിക്കണം എന്ന് ഞാനും ആഗ്രഹിച്ചത് കൊണ്ട് തോന്നിയതാണോ?

എന്തായിരുന്നാലും, മലയാറ്റൂരിന്റെ ബാക്കിയുള്ള ബുക്കുകൾ കൂടെ എപ്പോഴെങ്കിലും വായിക്കണം. സമയമുണ്ടെങ്കിൽ ഫഹദ് ഫാസിൽ അഭിനയിച്ച അകം എന്ന ഇതിന്റെ സിനിമാവിഷ്കരണം കൂടെ കാണണം. രാഗിണിയെ ശരിക്കും ശ്രീനിവാസൻ കൊന്നു എന്ന് എനിക്ക് വിശ്വസിക്കാൻ വയ്യ. അവൾ അന്തരീക്ഷത്തിൽ ചുരുളികളായി തന്നെ മറയട്ടെ.